കൊല്ലം: ദേശീയ പാത 66ൽ മൈലക്കാട് മുതൽ ഉമയനല്ലൂർ വരെയുള്ള ഭാഗത്ത് ആർ.ഇ വാൾമാറ്റി പൂർണമായും പില്ലറിൽ തീർത്ത തുറന്ന ഉയരപ്പാത നിർമ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൈലക്കാട് കൊട്ടിയം പറക്കുളം ഉമയനല്ലൂർ സമരസമിതികളുടെ സംയുക്താഭിമുഖ്യത്തിൽ മൈലക്കാട് മുതൽ മേവറം വരെ ദേശീയപാതയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വിവിധ സമര സമിതികളുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമരങ്ങളുടെ ഭാഗമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. 5 കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ നിരവധിപേർ പങ്കെടുത്തു. വൈകിട്ട് 3.45 ന് ആരംഭിച്ച മനുഷ്യച്ചങ്ങല മൂന്ന് മിനിറ്റ് നേരം നീണ്ടു. പ്രതിഞ്ജ യോടെ അവസാനിച്ചു.മനുഷ്യ ചങ്ങലയുടെ സമാപന യോഗം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എസ്.കബീർ അദ്ധ്യക്ഷതവഹിച്ചു.എം. നൗഷാദ് എം.എൽ.എ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു.സമര സമിതി നേതാക്കളായ എസ്. പളനി ബിജു സൂര്യ അലോഷ്യസ് റൊസാരിയോ അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ,അശോക് പ്രസാദ് എന്നിവർ പങ്കെടുത്തു.


