കൊല്ലം: കൊല്ലം എം.ജി പാർക്ക്, ബീച്ച് പരിസരം എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതിൽ ജനങ്ങളുടെ എതിർപ്പ് ശക്തമാകുന്നു. നിയമവിരുദ്ധമായാണ് കോർപ്പറേഷൻ പാർക്കിംഗ് ഫീസ് ഈടാക്കുന്നതെന്നാണ് ആക്ഷേപം. വിനോദത്തിനും വിശ്രമത്തിനുമായി നിരവധിപ്പേരാണ് കൊല്ലം ബീച്ചിലേക്കെത്തുന്നത്. ഇവരുടെ വാഹനങ്ങൾ കൊല്ലം എം.ജി പാർക്കിന് സമീപത്തും ബീച്ചിന് സമീപത്തുമാണ് പാർക്ക് ചെയ്യുന്നത്. കോർപ്പറേഷൻ കരാർ നൽകുന്ന ആളാണ് ഫീസ് പിരിക്കുന്നത്. ഇവിടെ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനത്തിന് 10 ഉം കാറിന് 50 ഉം വരെ ഈടാക്കുന്നുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. എം.ജി പാർക്കിന് മുന്നിലുള്ള റോഡ് ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെയും അതിനോട് ചേർന്നുള്ള സ്ഥലം ഇൻലാൻഡ് നാവിഗേഷന്റെയും തെക്കുവശം കടലിനോട് ചേർന്നുള്ള ഭാഗം കേന്ദ്രസർക്കാരിന്റെയും അധീനതയിലുള്ളതാണ്. ഈ സ്ഥലങ്ങളിലാണ് വാഹനങ്ങൾ നിറുത്തിയിടുന്നത്. മറ്റ് പാർക്കിംഗ് ഏരിയയൊന്നും ഇവിടെ പ്രത്യേകമായി ഒരുക്കിയിട്ടില്ല.കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ട് പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് ഉത്തരവ് തയാറാക്കുന്നതിന് നാളെ ചേരുന്ന കൗൺസിൽ യോഗത്തിൽ അനുമതിയ്ക്കായി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് കരാറെടുക്കുന്ന വ്യക്തി നെഗോഷിയേറ്റ് ചെയ്ത 3,50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്, 77,000 രൂപ പ്രതിമാസ ലൈൻസൻസ് ഫീസ് എന്ന നിരക്ക് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ചു. തുടർന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചു. തുടർന്നാണ് അംഗീകാരത്തിനായി സമർപ്പിക്കുന്നത്. എന്നാൽ പാർക്കിംഗിന് ഏർപ്പെടുത്തിയ ഫീസ് ഒഴിവാക്കണമെന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.


